കൂനൂര്‍ അപകടം; മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ പ്രദീപിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകും
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം. ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകും. പിതാവിന്‍റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ കൂടി നൽകാനും തീരുമാനമായി.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരാണ് കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ദുരന്തത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും ചികിത്സയിലിരിക്കെ മരിച്ചു.
തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനവും പ്രദീപ് കാഴ്ചവെച്ചിരുന്നു.
ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്.