കിട്ടാനുള്ളത് കോടികൾ; ജീവിതം വഴിമുട്ടി സമരവുമായി സർക്കാർ കരാറുകാർ
വിവിധ വകുപ്പുകളിലായി രണ്ട് വര്‍ഷത്തെ കുടിശ്ശിക വരെ കിട്ടാനുണ്ടെന്ന് കരാറുകാര്‍ പറയുന്നു.
കോഴിക്കോട്: സർക്കാർ പദ്ധതികളുടെ കരാർ തുക കോടികൾ കുടിശ്ശികയായതോടെ സംസ്ഥാനത്തെ കോൺട്രാക്ടർമാരുടെ ജീവിതം വഴിമുട്ടി. സംസ്ഥാന സർക്കാരിൽ നിന്ന് 15000 കോടിയോളം രൂപ കിട്ടാനുണ്ടെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു. കുടിശ്ശിക കുമിഞ്ഞുകൂടിയതോടെ പ്രത്യക്ഷസമരത്തിലാണ് സർക്കാർ കരാറുകാർ.
വിവിധ വകുപ്പുകളിലായി രണ്ട് വര്‍ഷത്തെ കുടിശ്ശിക വരെ കിട്ടാനുണ്ടെന്ന് കരാറുകാര്‍ പറയുന്നു. ഈ ഓണക്കാലത്ത് പോലും കരാറുകാരുടെ ബില്ലുകള്‍ക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഇവർ ചൂണ്ടിക്കാട്ടി.
വീടും സ്ഥലവും വരെ ഈട് വച്ചാണ് പലരും പ്രവൃത്തി ഏറ്റെടുത്തത്. ബില്ല് കുടിശ്ശികയായതോടെ എന്തുചെയ്യുമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ് കരാറുകാർ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
ട്രഷറി നിയന്ത്രണം പിൻവലിച്ച് ബില്ലുകൾ പാസാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കുടിശ്ശിക അടിയന്തരമായി കൊടുത്തുതീര്‍ത്തില്ലെങ്കില്‍ പ്രവൃത്തി നിര്‍ത്തിവച്ച് സമരം ശക്തമാക്കാനൊരുങ്ങുകയാണ് സർക്കാർ പ്രവൃത്തികള്‍ ചെയ്യുന്ന കരാറുകാര്‍.