'ലിംഗ സമത്വത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല'; വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ
ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ വിട്ടുനിന്ന സംഭവത്തിൽ സാദിഖലി തങ്ങൾ പ്രതികരിച്ചില്ല
കോഴിക്കോട്: ലിംഗ സമത്വത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പാഠ്യ പദ്ധതി ചട്ടക്കൂടിൽ നിന്ന് ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കുന്നത് ഒഴിവാക്കണം. കാലിക വിഷയങ്ങൾ ചർച്ചചെയ്യാനാണ് ലീഗ് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കോഴിക്കോട് ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
അതേസമയം, ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ വിട്ടുനിന്ന സംഭവത്തിൽ സാദിഖലി തങ്ങൾ പ്രതികരിച്ചില്ല. കോഴിക്കോട് സ്വപ്ന നഗരിയിൽ സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽനിന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അടക്കം പാണക്കാട് നിന്നുള്ള നേതാക്കൾ വിട്ടുനിന്നിരുന്നു. ഇതേ തുടർന്നാണ് സുപ്രധാന യോഗത്തിൽനിന്ന് മുജാഹിദ് വിഭാഗം വിട്ടുനിന്നത്.
എന്നാൽ കെ.എൻ.എം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. പ്രധാനമായും ഏക സിവിൽകോഡ്, ജെൻഡ്രൽ ന്യൂട്രാലിറ്റി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മുജാഹിദ് സംസ്ഥാന സമ്മേളത്തിലേക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാൽ ഇവരാരും പങ്കെടുത്തിരുന്നില്ല. സമസ്ത ഇ.കെ വിഭാഗത്തിൽ നിന്നുള്ള എതിർപ്പിനെ തുടർന്നാണ് ഇവരാരും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.