മദ്യനയ കോഴ വിവാദത്തിൽ മൗനം പാലിച്ച് സർക്കാർ

മദ്യനയം മുന്നണിയിൽ ചർച്ച ചെയ്യാത്തതിനാൽ പ്രതികരണത്തിന്റെ കാര്യമില്ലെന്നാണ് സർക്കാർ നിലപാട്.

Update: 2024-05-28 00:49 GMT
Advertising

തിരുവനന്തപുരം: മദ്യനയ കോഴ വിവാദത്തിൽ മൗനം പാലിച്ച് സർക്കാർ. പണപ്പിരിവിലും മദ്യനയത്തിലെ ഇളവിലും നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി അടക്കമുള്ളവർ മൗനം തുടരുകയാണ്.. ഉദ്യോഗസ്ഥതലത്തിലെ വിശദീകരണങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. മദ്യനയം മുന്നണിയിൽ ചർച്ച ചെയ്യാത്തതിനാൽ പ്രതികരണത്തിന്റെ കാര്യമില്ലെന്നാണ് സർക്കാർ പറയുന്നത്

ഡ്രൈ ഡേ ഒഴിവാക്കുന്നതിന് പ്രത്യുപകാരം ചെയ്യണമെന്ന ബാറുടമയുടെ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ എക്‌സൈസ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സർക്കാർതലത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലന്നും, ചർച്ച ചെയ്യാത്ത മദ്യനയത്തിന്റെ പേരിൽ പണം പിരിച്ചവർക്ക് എതിരെ നടപടിയെടുക്കുമെന്നും എം.ബി രാജേഷ് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ യോഗം വിളിച്ചു എന്ന വിവരം പുറത്തുവന്നു. ഈ മാസം 21ന് യോഗം ചേർന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സംഭവം വിവാദമായതോടെ മന്ത്രി അറിഞ്ഞല്ല യോഗമെന്ന് ടൂറിസം ഡയറക്ടർ വാർത്താക്കുറിപ്പ് ഇറക്കി വിശദീകരിച്ചു. ടൂറിസം ഡയറക്ടർ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല എന്ന് ടൂറിസം മന്ത്രിയും വിശദീകരിച്ചു. അതിനു പിന്നാലെയാണ് സംസ്ഥാന ഭരണത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥന്റെ പത്രക്കുറിപ്പ് പുറത്തുവരുന്നത്. സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കാലങ്ങളിലും ഉദ്യോഗസ്ഥർ ചർച്ച നടത്താറുണ്ട്, അതിന്റെ ഭാഗമായി ഡ്രൈ ഡേ ഒഴിവാക്കുന്ന അടക്കമുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തു. മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചീഫ് സെക്രട്ടറി വാർത്താക്കുറുപ്പിൽ വിശദീകരിച്ചു.

എന്നാൽ വലിയ വിവാദമുണ്ടായിട്ടും വിശദീകരണങ്ങൾ ഉദ്യോഗസ്ഥലത്തിൽ മാത്രം ഒതുങ്ങുകയാണ്. ടൂറിസം ഡയറക്ടർ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറയുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എക്‌സൈസ് മന്ത്രി വിദേശയാത്രയിലാണ്. സർക്കാർതലത്തിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ച നടക്കാത്തതിനാൽ കാര്യമായ പ്രതികരണങ്ങളിലേക്ക് മന്ത്രിമാർ കടക്കേണ്ടതില്ലെന്നാണ് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News