'സുപ്രീംകോടതി വിമർശനങ്ങളെ പോലും അവഗണിക്കുന്നു'; ഗവർണർക്കെതിരെ സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക്

സംസ്ഥാന രൂപീകരണ ശേഷം ഒരു മുഖ്യമന്ത്രിയും ഒരു ഗവർണർക്കെതിരെയും ഇത്രയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല

Update: 2023-12-07 01:09 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണറോട് സമവായത്തിന് തയ്യാറല്ല എന്ന കടുത്ത നിലപാടിൽ സംസ്ഥാനസർക്കാർ. ഗവർണർക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലത്തെ വിമർശനങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. ബില്ലുകളിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിമർശനങ്ങളെ പോലും ഗവർണർ അവഗണിക്കുന്നതിൽ സർക്കാറിനുള്ള അതൃപ്തിയാണ് മുഖ്യമന്ത്രിയുടെ വാചകങ്ങളിലൂടെ പുറത്തുവന്നത് .

സംഘർഷമാണ് ഗവർണറുടെ ലക്ഷ്യം, അത് അദ്ദേഹത്തിന് ഹോബിയാണ് ,ഗവർണർ അവിവേകിയാണ് , അവിവേകികളെ കേരളം നേരിട്ടുള്ളത് നമ്മൾ കണ്ടിട്ടുള്ളതാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

സംസ്ഥാന രൂപീകരണ ശേഷം ഒരു മുഖ്യമന്ത്രിയും ഒരു ഗവർണർക്കെതിരെയും ഇത്രയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ വേണ്ടി സംസ്ഥാന കാര്യനിർവഹണത്തിന്റ തലവൻ തന്നെ ശ്രമിക്കുന്നു എന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉള്ളത്. മുഖ്യമന്ത്രി തന്നെ രാജ്ഭവനിൽ എത്തി തന്നെ കാണണമെന്ന ഇന്നലത്ത ഗവർണറുടെ ആവശ്യത്തോടുള്ള എതിർപ്പ് കൂടിയാണ് പിണറായി വിജയൻ പ്രകടിപ്പിച്ചത്.

മന്ത്രിസഭാ തീരുമാനങ്ങൾഅംഗീകരിക്കാത്ത ഗവർണറോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉള്ളത്. അതായത് ഗവർണർ ഉന്നയിക്കുന്നത് പോലെ മുഖ്യമന്ത്രി രാജ്ഭവനിൽ എത്തി ആരിഫ് മുഹമ്മദ് ഖാനെ കാണാൻ സാധ്യതയില്ല. ബില്ലുകളിൽ അവ്യക്തതയുണ്ടെങ്കിൽ ബന്ധപ്പെട്ട മന്ത്രിമാർ വിശദീകരിച്ചാൽ മതിയെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രി നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. അതുകൊണ്ട് ഗവർണറുടെ ഇപ്പോഴത്തെ ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടൽ.

മന്ത്രിസഭാ തീരുമാനം അംഗീകരിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണ് എന്ന സുപ്രീംകോടതി വിധി പോലും അംഗീകരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകുന്നില്ല എന്ന വിമർശനവും സർക്കാരിനും മുന്നണിക്കുമുണ്ട്.  കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനൊപ്പം ഭരണ സ്തഭനം ഉണ്ടാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന പ്രചാരണമായിരിക്കും സർക്കാരും ഇടത് മുന്നണിയും വരും ദിവസങ്ങളിൽ നടത്തുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News