തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

'അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കും'

Update: 2022-02-01 07:11 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡ് നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തിയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്താണ്. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. ഹരജിയിലാണ് സർക്കാർ ഇന്ന് മറുപടി നൽകിയിരിക്കുന്നത്. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചിട്ടില്ല. തിയറ്റർ അടച്ചിടണമെന്ന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

എന്നാൽ തിയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും, മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ നിയോഗിച്ചതായും സർക്കാർ അറിയിച്ചു. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാരിൻറെ വിശദീകരണപത്രിക വ്യക്തമാക്കുന്നു.എന്നാൽ മാളുകളിലും ബാറുകളിലുമുണ്ടാകുന്ന അത്ര രോഗബാധ തിയേറ്ററുകളിൽ ഉണ്ടാവില്ലെന്ന് കാട്ടി ഫിയോക് സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്.

50 ശതമാനം സീറ്റുകളിലെങ്കിലും പ്രവേശനം ആവശ്യപ്പെട്ടാണ് ഫിയോക് ഹരജി നൽകിയിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല തീയറ്ററുകൾ അടച്ചിടാൻ സർക്കാർ തീരുമാനമെടുത്തതെന്നും ഹരജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി യുടെ നിർദ്ദേശ പ്രകാരമാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് സർക്കാരിന്റെ വാദം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News