ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്‌ലിം സംവരണം സർക്കാർ അട്ടിമറിച്ചു; ഗൂഢാലോചന അന്വേഷിക്കണം: സത്താർ പന്തല്ലൂർ
ജാതിസെൻസസിനെക്കുറിച്ചും സംവരണം പുനർനിർണയിക്കണമെന്ന കോടതി വിധിയിലും സർക്കാർ മൗനം പാലിക്കുകയാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
മലപ്പുറം: ഭിന്നശേഷം സംവരത്തിന്റെ പേരിൽ മുസ് ലിം സംവരണം സർക്കാർ അട്ടിമറിച്ചെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. യാദൃച്ഛികമായി സംഭവിച്ചതോ അബദ്ധമോ അല്ല. ഭിന്നശേഷിക്കാർക്ക് ആനുകൂല്യം നൽകുന്നതിന് ആരും എതിരല്ല. പക്ഷേ അത് മുസ്‌ലിം സമുദായത്തിന്റെ ക്വാട്ടയിൽനിന്ന് തന്നെ വേണമെന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസിനെ കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്. മുസ്‌ലിം ടേണിൽനിന്ന് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ തയ്യാറാവുന്നില്ല. കെടാവിളക്ക് സ്‌കോളർഷിപ്പിൽനിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കി. സംവരണ പുനർനിർണയമെന്ന കോടതി വിധി സർക്കാർ അവഗണിക്കുകയാണ്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വെറും നോക്കുകുത്തിയായി മാറി. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സവർണ ലോബിയുടെ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.