കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഇടുക്കിയില്‍; വ്യാപാരി പരിപാടിയില്‍ സംസാരിച്ചു മടങ്ങി

താൻ റബർ സ്റ്റാമ്പല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുക കൂടിയാണ് തന്‍റെ കടമയാണെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി

Update: 2024-01-09 08:15 GMT
Editor : Shaheer | By : Web Desk
Advertising

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്തതില്‍ എൽ.ഡി.എഫ് പ്രതിഷേധം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെത്തി. തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടിയില്‍ സംസാരിച്ച് അദ്ദേഹം മടങ്ങി. താൻ റബർ സ്റ്റാമ്പല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുക കൂടിയാണ് തന്‍റെ കടമയാണെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ജില്ലയിലെ യാത്രയിലുടനീളം ശക്തമായ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെയുണ്ടായത്.

രാവിലെ പത്തു മണിയോടെ ആലുവയിൽനിന്നാണ് ഗവർണർ ഇടുക്കിയിലേക്കു പുറപ്പെട്ടത്. 11 മണിയോടെ പരിപാടി നടക്കുന്ന തൊടുപുഴയിലെത്തി. ഇങ്ങോട്ടുള്ള വഴിയിലുടനീളം ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ വലിയ തോതിൽ പ്രതിഷേധമുണ്ടായി. പലയിടത്തും അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രയോഗവുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ കൈവീശിക്കാണിച്ചാണ് ഗവർണർ കടന്നുപോയത്. തൊടുപുഴയില്‍ സംഘി ഖാന്‍ ഗോബാക്ക് എന്ന പറഞ്ഞ് എസ്.എഫ്.ഐ റോഡിനു കുറുകെ ബാനറും സ്ഥാപിച്ചിരുന്നു. അതിനിടെ. എൽ.ഡി.എഫ് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്.

ഗവർണറെ ക്ഷണിച്ചതിൽ രാഷ്ട്രീയമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര മീഡിയവണിനോട് പറഞ്ഞു. എൽ.ഡി.എഫ് ഹർത്താൽ പ്രതിഷേധാർഹമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിൽ സംസാരിച്ചാണ് ഗവര്‍ണര്‍ തുടങ്ങിയത്. എത്ര അധികാരം ഉണ്ടെങ്കിലും നിയമം അതിനുമുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത ആളുകളാണെങ്കിലും നിയമം ലംഘിക്കാൻ അധികാരമില്ല. എല്ലാവരും നിയമത്തിനു കീഴിലാണ്. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് തൻ്റെ പ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.

''ഡൽഹിയിലേക്കുള്ള യാത്രയിൽ ചില മലയാളി വിദ്യാർഥികളെ കണ്ടു. കേരളത്തിലെ വിദ്യാർഥികൾ മികച്ച നിലവാരമുള്ളവരാണ്. പക്ഷേ എന്തിനാണ് കേരളം വിട്ട് ഡൽഹിയിലേക്ക് വന്നതെന്ന് ചോദ്യത്തിന് വിദ്യാർഥികൾ നൽകിയ മറുപടി ഇതാണ്. നാലു വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചര വർഷമെങ്കിലും എടുക്കും.

രാഷ്ട്രീയ സംഘടനകൾ ഹർത്താലും മറ്റും പ്രഖ്യാപിക്കുകയാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഇത്തരക്കാരെ കാണാം. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത്. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുമെന്നു കൂടിയാണ്. ഇന്ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചത് എന്തിനാണെന്ന് അറിയില്ല.''

ഭൂനിയമഭേദഗതിയുമായി ബന്ധപ്പെട്ട് വ്യക്തത തേടി സർക്കാരിന് കത്തയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് തവണ കത്തയച്ചിട്ടും സർക്കാർ മറുപടി നൽകിയില്ല. ഞാൻ റബർ സ്റ്റാമ്പല്ല. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുക കൂടിയാണ് എൻ്റെ കടമ. ചിലർ സമ്മർദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണ്. 35-ാം വയസിൽ അഞ്ച് തവണയാണ് വധഭിഷണി നേരിട്ടത്. പിന്നെന്തിനാണ് ഈ വയസിൽ പേടിക്കുന്നത്. ഞാനൊരു പൊതുസേവകനാണ്. എൻ്റെ നിലപാടിൽ വിട്ടുവീഴ്ചയില്ല. ഏത് രാഷ്ട്രീയത്തിൽ നിന്നുള്ള ഏത് വ്യക്തി എതിർത്താലും തൻ്റെ കടമ നിർവഹിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Summary: Governor Arif Mohammad Khan arrives in Idukki as LDF continues protest over Kerala Govt Land Assignment Amendment Bill

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News