ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് വൈകും

ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ നവംബര്‍ 20ന് തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം

Update: 2022-11-13 01:57 GMT
Advertising

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് വൈകും. ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ നവംബര്‍ 20ന് തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചില്ലെങ്കില്‍ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചുചേര്‍ക്കുന്നതിൽ തീരുമാനമെടുക്കും.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിന്‍സിന് ബുധനാഴ്ചയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് ഇന്നലെ രാവിലെ രാജ്ഭവനില്‍ എത്തിച്ചു. ഇതിന് മുമ്പ് ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന് തിരിച്ച ഗവര്‍ണര്‍ അടുത്ത ഞായറാഴ്ചയാണ് മടങ്ങിയെത്തുക.

നിര്‍ണായക തീരുമാനമെടുക്കേണ്ടതിനാല്‍ തലസ്ഥാനത്ത് തിരിച്ചെത്തി മാത്രമേ ഗവര്‍ണര്‍ തുടര്‍ നടപടിയെടുക്കൂവെന്നാണ് സൂചന. ഓര്‍ഡിനന്‍സിന്‍റെ നിയമവശങ്ങള്‍ കൂടി ഗവര്‍ണര്‍ പരിശോധിക്കും. കേന്ദ്ര നിയമങ്ങളുടെ ലംഘനം സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലുണ്ടെന്ന വാദം ഗവര്‍ണര്‍ അനുകൂലികള്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ യുജിസി ചട്ടത്തില്‍ ഗവര്‍ണര്‍ തന്നെ ചാന്‍സലറാകണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നില്ല. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പിടിച്ചുവെക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍.

അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതി തീരുമാനിക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ബില്ല് കൊണ്ടുവരും. ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ആലോചന. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ തന്നെ ഒപ്പിടണമെന്നത് സര്‍ക്കാരിന് മുന്നിലുള്ള ആശങ്കയാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News