നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇടപെട്ട് ഗവർണർ; കേരള സർവകലാശാലാ വി.സിയുമായി ഫോണിൽ സംസാരിച്ചു
കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ സംസാരിച്ചു. വി.സി, ഗവർണറെ നേരില്‍ കണ്ട് വിവരങ്ങൾ ധരിപ്പിക്കും
തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഗവർണർ വിശദാംശങ്ങൾ ആരാഞ്ഞു. കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ സംസാരിച്ചു. വി.സി, ഗവർണറെ നേരില്‍ കണ്ട് വിവരങ്ങൾ ധരിപ്പിക്കും.
എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ നേരത്തെ രംഗത്ത് എത്തിയിരുന്നു. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. പാർട്ടി അംഗമായാൽ സർവകലാശാലയിൽ അധ്യാപകരാവാം, കേരളത്തിൽ പകുതിയോളം സർവകലാശാലകളുടെ തലപ്പത്ത് ആളില്ലെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖിൽ തോമസിനെ എസ്.എഫ്.ഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവർത്തകൻ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖിൽ ചെയ്തതെന്നും എസ്.എഫ്.ഐ. വ്യക്തമാക്കി.