അവസാന സമയം വരെ കാത്തിരുന്നിട്ടും ഗവർണർ വഴങ്ങിയില്ല; റദ്ദായത് 11 ഓർഡിനൻസുകൾ

ലോകായുക്തയ്ക്ക് പഴയ അധികാരങ്ങൾ തിരികെ കിട്ടി

Update: 2022-08-09 01:35 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണ്ണർ ഒപ്പിടാത്തതിനെ തുടർന്ന് മന്ത്രിസഭ പാസാക്കിയ 11 ഓർഡിനൻസുകൾ റദ്ദായി. വിവാദമായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓർഡിനൻസുകൾ പുതുക്കാനാണ് ഗവർണർ തയ്യാറാകാതിരുന്നത്. ഇതോടെ ലോകായുക്തയ്ക്ക് പഴയ അധികാരങ്ങൾ തിരിച്ച് കിട്ടി. എന്നാൽ ഓർഡിനൻസിൽ ഒപ്പിടാത്തതിൽ ഗവർണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം

വിവാദമായ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ നിർണായകമായ 11 ഓർഡിനൻസുകൾ ആണ് പുതുക്കി ഇറക്കേണ്ടിയിരുന്നത്. നിയമസഭ ചേർന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കാത്തതിലുള്ള അതൃപ്തിയെ തുടർന്നാണ് ഒപ്പിടാൻ ഗവർണർ തയ്യാറാകാതിരുന്നത്. വിസി നിയമനങ്ങളിൽ ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള ഓർഡിനൻസ് സർക്കാർ തയ്യാറാക്കുന്നതിലുള്ള അതൃപ്തിയും ഒപ്പിടാതിരിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

ഗവർണറുടെ അസാധാരണ നടപടിയോടെ മന്ത്രിസഭ ഇറക്കിയ 11 ഓർഡിനൻസുകളും റദ്ദായി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ്എടുത്ത് കളഞ്ഞ് കൊണ്ടുള്ള ഓർഡിനൻസും റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതായത് ഇന്ന് മുതൽ പുതിയ നിയമം വരുന്നത് വരെ ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് ഉപയോഗിച്ച് ജനപ്രതിനിധിയെ അയോഗ്യരാക്കാനുള്ള ശുപാർശ മുഖ്യമന്ത്രിക്കും ഗവർണർക്കും നൽകാൻ ലോകായുക്തയ്ക്ക് കഴിയും.

പ്രധാനപ്പെട്ട ഓർഡിനൻസുകൾ റദ്ദായ പ്രത്യേക സാഹചര്യം സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്. മന്ത്രിസഭയോഗം ചേർന്ന് ഓർഡിനൻസ് പരിഗണിച്ച് ഗവർണർക്ക് വീണ്ടും അയക്കാം.ഇല്ലെങ്കിൽ നിയമസഭസമ്മേളനം ചേർന്ന് നിയമമാക്കി മാറ്റണം. ഇതിൽ ഏത് നടപടി സ്വീകരിക്കണമെന്നകാര്യത്തിൽ വരും ദിവസങ്ങളിൽ സർക്കാർ തീരുമാനമെടുക്കും.ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ തയ്യാറാകാതിരുന്നതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

എന്നാൽ ആ അതൃപ്തി പരസ്യമാക്കി ഗവർണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ഗവർണറെ ബോധ്യപ്പെടുത്താനാണ് തീരുമാനം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News