മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നിഷേധാത്മക നിലപാട് തുടർന്ന് സർക്കാർ

സയൻസ് സീറ്റുകൾ അധികമാണെന്ന മന്ത്രിയുടെ പ്രസ്താവനയിൽ വിദ്യാർഥികൾക്ക് ആശങ്ക

Update: 2024-06-26 01:41 GMT
Advertising

മലപ്പുറം: മലപ്പുറത്തെ പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞ് നിൽക്കുകയാണ് സംസ്ഥാന സർക്കർ. എട്ട് വർഷത്തിനിടെ ഒരു സ്ഥിരം ബാച്ച് പോലും സർക്കാർ അനുവദിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് മലപ്പുറം ജില്ലയിൽ ഉപരിപഠന സാധ്യതകൾ കുറവാണെന്നത് വർഷങ്ങളായുള്ള പ്രശ്നമാണ്. വിദ്യാർഥി സംഘടനകളും , രാഷ്ട്രീയ , സാമൂഹ്യ സംഘടനകളും, ജനപ്രതിനിധികളും മാത്രമല്ല ഇതിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 29ന് തൃശ്ശൂരിൽ വെച്ച് മേഖലാ അവലോകന യോഗം നടന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തിൽ മലപ്പുറം, പാലക്കാട് , തൃശ്ശൂർ ജില്ലകളിലെ വികസന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളുമാണ് ചർച്ച ചെയ്തത്.

മലപ്പുറം ജില്ലയിലെ പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി അന്നത്തെ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ അവതരിപ്പിച്ചു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിലാണ് കലക്ടറോട് പ്രതികരിച്ചത്. പ്ലസ്‍ വണിന് സീറ്റ് പ്രതിസന്ധിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കരുതെന്ന് പറയുകയും ചെയ്തു.

ഈ വർഷവും പ്രശ്നം ഇല്ലെന്ന് പറയനാണ് സർക്കാർ ആദ്യം ശ്രമിച്ചത്. സാമൂഹിക സമ്മർദത്തിന് ഒടുവിലാണ് പ്രശ്നം ഉണ്ടെന്ന് സർക്കാർ സമ്മതിച്ചത്. പിണറായി സർക്കാർ വന്നതിന് ശേഷം ഒരു സ്ഥിരം പ്ലസ് വൺ ബാച്ച് പോലും അനുവദിച്ചിട്ടില്ല. സീറ്റ് പ്രതിസന്ധിയെ കുറിച്ച് ആധികാരികമായി പഠനം നടത്തിയ കാർത്തികേയൻ കമ്മറ്റി റിപ്പോർട്ട് അംഗീകരിക്കാൻ പോലും സർക്കാർ തയ്യറായിട്ടില്ല.

അതേസമയം, മലപ്പുറം ജില്ലയിൽ പ്ലസ് വണിന് സയൻസ് സീറ്റുകൾ അധികമാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്കയിലാണ് വിദ്യാർഥികൾ. സയൻസ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാർഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന. താൽക്കാലിക ബാച്ചുകളിൽ സയൻസ് ഗ്രൂപ്പ് ഉണ്ടാവില്ലെ എന്ന ചോദ്യമാണ് ഉയരുന്നത്. ‘മലപ്പുറം ജില്ലയിൽ സയൻസ് സീറ്റുകൾ അധികമാണ്. കൊമേഴ്സ് , ഹ്യമാനിറ്റീസ് സീറ്റുകളാണ് വേണ്ടത് എന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.

സയൻസ് ഗ്രൂപ്പ് അധികമാണ് എന്ന് മന്ത്രി പറയുമ്പോൾ മികച്ച മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾ അന്താളിച്ച് നിൽക്കുകയാണ്. എം.ബി.ബി.എസിനും എഞ്ചിനീയറിംഗിനും ചേരാൻ സയൻസ് ഗ്രൂപ്പ് നിർബന്ധമായതിനാൽ മികച്ച മാർക്ക് ലഭിച്ച പല വിദ്യാർത്ഥികളും സയൻസ് ഗ്രൂപ്പിന് മാത്രമാണ് അപേക്ഷിച്ചത്. 9 A+ ഉം , 10 A + ഉം വരെ ലഭിച്ചവർക്ക് സയൻസ് ഗ്രൂപ്പിൽ മാത്രം അപേക്ഷിച്ചതിനാൽ സീറ്റ് ലഭിച്ചിട്ടില്ല.

ഹ്യൂമനിറ്റീസ് , കോമോഴ്സ് ഗ്രൂപ്പുകളിൽ ചേർന്നവർ സയൻസിലേക്ക് മാറാൻ കാത്തിരിക്കുകയാണ്. അലോട്ട്മെന്റ് ലഭിച്ചത് മറ്റ് വിഷയങ്ങളിൽ ആണെങ്കിലും സയൻസിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിൽ എൻട്രൻസ് പരിശീലനത്തിനും സയൻസ് ട്യൂഷനും പോകുന്നവരും ഉണ്ട്.

മന്ത്രിയുടെ പ്രസ്താവനയോടെ താൽകാലിക ബാച്ചുകളിൽ സയൻസ് ഗ്രൂപ്പ് നൽകുന്നത് കുറയുമെന്ന് ഉറപ്പായി. സയൻസ് ഗ്രൂപ്പു തുടങ്ങുമ്പോൾ ലാബ് സൗകര്യം ഒരുക്കണം. ഇതിനുള്ള സാമ്പത്തിക ചെലവ് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News