'മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനോട് അവഗണന'; കോൺഗ്രസിൽ പൊട്ടിത്തെറി

ഭൂരിഭാഗം സ്ഥാനങ്ങളും സുധാകര വിഭാഗവും കെ സി വേണുഗോപാൽ പക്ഷവും പങ്കിട്ടെടുത്തെന്ന് ആക്ഷേപം

Update: 2023-10-22 08:30 GMT
Advertising

കണ്ണൂർ: മണ്ഡലം പ്രസിഡന്റ്മാരുടെ നിയമനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. പരസ്യ പ്രതിഷേധവുമായി എ വിഭാഗം രംഗത്തെത്തി....കണ്ണൂരിലും മലപ്പുറത്തും ഭാരവാഹി നിർണയ സമവായ സമിതിയിൽ നിന്ന് എ ഗ്രൂപ്പ് പ്രതിനിധികൾ രാജി വെച്ചു. ഭൂരിഭാഗം സ്ഥാനങ്ങളും സുധാകര വിഭാഗവും കെ സി വേണുഗോപാൽ പക്ഷവും പങ്കിട്ടെടുത്തെന്ന് ആക്ഷേപം. അതൃപ്തി അറിയിച്ച് ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും രംഗത്ത് എത്തി.

Full View

താഴെ തട്ടിൽ അമർഷം പുകയുമ്പോഴും പാർട്ടി പുനഃസംഘടനയിൽ നിസ്സഹായരായി മാറിയിരിക്കുകയാണ് എ ഗ്രൂപ്പ് നേതൃത്വം. മലപ്പുറം കോൺഗ്രസിൽ തർക്കം പെട്ടെന്നുണ്ടായതല്ല. ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തന്നെ നേരത്തേ മുതൽ ഇവിടെ ചെറിയ തോതിൽ തർക്കമുണ്ട്.

എ ഗ്രൂപ്പിനെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിലും എ ഗ്രൂപ്പിനെ പാടെ അവഗണിച്ചു എന്ന പരാതിയുയർന്നു. അന്ന് പ്രശ്‌നപരിഹാരമെന്നോണം എ ഗ്രൂപ്പിന് നൽകിയ ഉറപ്പാണ് മണ്ഡലം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമയം അർഹിക്കുന്ന പരിഗണന നൽകാം എന്നത്. ഈ ഉറപ്പ് അട്ടിമറിക്കപ്പെട്ടതോടെയാണ് നിലവിലെ വിവാദം ഉടലെടുത്തത്.

മലപ്പുറത്തെ കോൺഗ്രസ് മണ്ഡലങ്ങളിലെ തർക്കങ്ങൾ പരിഹരിച്ച് സമവായത്തിലൂടെ മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കാൻ ഒരു ഉപസമിതി രൂപീകരിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവർ ഇതിൽ അംഗങ്ങളായിരുന്നു. ഇവർ നിർദേശിച്ച പ്രസിഡന്റ് നാമനിർദേശങ്ങളെ അവഗണിച്ച് നേരത്തേ തീരുമാനിച്ച പുതിയ ആളുകളെ തിരുകിക്കയറ്റി എന്നാണ് പുതിയ ആരോപണം. കഴിഞ്ഞ ദിവസം പരസ്യമായി തന്നെ ഇതിൽ എ ഗ്രൂപ്പ് എതിർപ്പ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതിയിൽ നിന്ന് ആര്യാടൻ ഷൗക്കത്ത്, സി ഹരിദാസന് എന്നിവർ രാജി വയ്ക്കുന്ന സ്ഥിതിയുമുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്താണ് ഇത്തരമൊരു പൊട്ടിത്തെറി കോൺഗ്രസിലുണ്ടായതെന്നതാണ് പ്രധാനപ്പെട്ട കാര്യം. പ്രാദേശിക തലങ്ങളിൽ എ ഗ്രൂപ്പിൽ നിന്ന് എതിർപ്പുള്ളതിനാൽ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റുമാർ പലരും സ്ഥാനമേറ്റെടുക്കാൻ മടിക്കുകയാണ്. ആ നിലയ്ക്കും പ്രതിസന്ധി തന്നെയാണ് പാർട്ടിക്കുള്ളിൽ.

മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് തന്നെ ആദ്യമായി പ്രതിഷേധമുയർന്നത് കെപിസിസി പ്രസിഡന്റിന്റെ സ്വന്തം ജില്ലയായ കണ്ണൂരിലാണ്. കണ്ണൂരിൽ 22 ബ്ലോക്കുകളിലായി 132 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയാണ് പുറത്തു വന്നത്. നേരത്തേ 38 മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങളായിരുന്നു എ ഗ്രൂപ്പിന് ഉണ്ടായിരുന്നതെങ്കിൽ പുതിയ പട്ടികയിൽ അത് മുപ്പതിൽ താഴെ മാത്രമായിരുന്നു.

മണ്ഡലങ്ങൾ സുധാകര പക്ഷവും കെസി പക്ഷവും ഏകപക്ഷീയമായി വീതിച്ചെടുക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. ജില്ലാതല സമവായ സമിതിയിലുണ്ടായ എല്ലാ വാഗ്ദാനങ്ങളും അട്ടിമറിച്ചുവെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേ തുടർന്നാണ് സമവായ കമ്മിറ്റിയിൽ നിന്ന് എ ഗ്രൂപ്പിന്റെ രണ്ട് പ്രതിനിധികളും രാജി വച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News