മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസ്; തോക്കുകള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
അപകടം ഉണ്ടായ ദിവസം നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളാണ് കൈമാറിയത്.
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസില്‍ തോക്കുകള്‍ പരിശോധനക്കായി കസ്റ്റഡിയിൽ എടുത്ത് പൊലീസ്. ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ നിന്ന് കണ്ടെടുത്ത തോക്കുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും.
അപകടം ഉണ്ടായ ദിവസം നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളാണ് കൈമാറിയത്. സെബാസ്റ്റ്യന്റെ ശരീരത്തു കൊണ്ട വെടിയുണ്ട ഇതില്‍ ഏതെങ്കിലും തോക്കില്‍ നിന്നുള്ളതാണോ എന്ന് ബാലിസ്റ്റിക് പരിശോധന നടത്തും. അപകടത്തിന്റെ വസ്തുത കണ്ടെത്താൻ പൊലീസുമായി പൂർണമായി സഹകരിക്കുമെന്ന് നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൊലീസിന്റെ അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും നേവി വ്യക്തമാക്കി. നാവികസേന ഉപയോഗിക്കുന്ന തരത്തിലുള്ള ഇന്‍സാസ് റൈഫിളുകളിലെ ബുള്ളറ്റാണ് ബോട്ടില്‍ നിന്ന് കിട്ടിയതെന്നാണ് പരിശോധന നടത്തിയ ബാലിസ്റ്റിക് വിദഗ്ധര്‍ പൊലീസിനെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്കുകള്‍ പരിശോധനയ്ക്കായി കണ്ടെടുത്തത്. നേവിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം തുടരുന്നത്. ബുള്ളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നര കിലോമീറ്റര്‍ അകലേക്ക് പോകില്ലെന്നാണ് നാവികസേന പറയുന്നത്.