സമസ്തയെ വെല്ലുവിളിച്ചതുകൊണ്ടാണ് ഹകീം ഫൈസിയെ പുറത്താക്കിയത്; വാഫി കൗൺസിലിലും സിലബസിലും മാറ്റം വേണം: ഹമീദ് ഫൈസി അമ്പലക്കടവ്
സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാൻ മാർച്ച് ഒന്നിന് കോഴിക്കോട് എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് വിശദീകരണ സംഗമം നടത്തുമെന്നും ഹമീദ് ഫൈസി അറിയിച്ചു.
കോഴിക്കോട്: സമസ്തയെ വെല്ലുവിളിച്ചപ്പോഴാണ് ഹകീം ഫൈസി ആദൃശേരിയെ പുറത്താക്കിയതെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്. ഹകീം ഫൈസിയുടെ രാജിയോടെ പ്രശ്‌നം പരിഹരിക്കില്ല. വാഫി-വഫിയ്യ കോഴ്‌സിന്റെ കൗൺസിലിലും സിലബസിലും മാറ്റം വേണമെന്നും എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഹമീദ് ഫൈസി പറഞ്ഞു.
ഹകീം ഫൈസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത നിരവധി തവണ സമവായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്വാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്വാദിഖലി തങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ പോലും അംഗീകരിക്കാൻ ഹകീം ഫൈസി തയ്യാറായില്ല. തങ്ങളെപ്പോലും വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഹമീദ് ഫൈസി പറഞ്ഞു.
ഹകീം ഫൈസിയുമായി വേദി പങ്കിടരുതെന്ന തീരുമാനം അദ്ദേഹത്തെ പുറത്താക്കിയ ശേഷം സ്വാഭാവികമായി വന്നതാണ്. ഇത് സ്വാദിഖലി തങ്ങൾ ലംഘിച്ചിട്ടില്ല. ഹകീം ഫൈസി പങ്കെടുക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം സി.ഐ.സി പരിപാടിയിൽ സ്വാദിഖലി തങ്ങൾ പങ്കെടുത്തത്. തങ്ങൾക്ക് നൽകിയ വാക്ക് ലംഘിച്ചുകൊണ്ടാണ് ഹകീം ഫൈസിയെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്നും ഹമീദ് ഫൈസി പറഞ്ഞു. സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാൻ മാർച്ച് ഒന്നിന് കോഴിക്കോട് എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് വിശദീകരണ സംഗമം നടത്തുമെന്നും ഹമീദ് ഫൈസി അറിയിച്ചു.
ഇന്നലെ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ ചർച്ചയിൽ സി.ഐ.സി നേതൃസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് ഹകീം അറിയിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ അദ്ദേഹം രാജി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.