ഇ.ഡി നീക്കത്തിൽ സന്തോഷം, മുഖ്യമന്ത്രി ടെൻഷനിലാണ്: സ്വപ്‌ന സുരേഷ്

മുൻമന്ത്രി കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ട്. തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കുമെന്നും അഭിഭാഷകന് അത് കൈമാറിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ്

Update: 2022-07-20 09:27 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി: സ്വർണക്കടത്ത് കേസുകളുടെ വിചാരണ കേരളത്തിൽനിന്ന് മാറ്റാനുള്ള ഇ.ഡി നീക്കത്തിൽ സന്തോഷമുണ്ടെന്ന് പ്രതി സ്വപ്‌നാ സുരേഷ്. ഇതുകാരണം മുഖ്യമന്ത്രി ടെൻഷനിലാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഇ.ഡിയുടെ നിർണായക നീക്കത്തിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

കേസ് തടസ്സപ്പെടുത്താൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. മുൻമന്ത്രി കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ട്. തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കുമെന്നും അഭിഭാഷകന് അത് കൈമാറിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. സത്യമെന്തായാലും പുറത്തുവരും, മുഖ്യമന്ത്രി ഒട്ടും നോർമലല്ലാതെയാണ് പെരുമാറുന്നത്. തന്നെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണതയുണ്ട്. ഇ.ഡി അവരുടെ ജോലി കൃത്യമായി നിർവഹിക്കുമെന്നാണ് കരുതുന്നത്. ഇ.ഡിയെ പൂർണമായും വിശ്വാസിക്കുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനം ആരാണ് ചെയ്തതെന്നുള്ളത് നാളെ തെളിയുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

കെ.ടി ജലീൽ തനിക്കെതിരെ നൽകിയ ഗൂഢാലോചന കേസിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. എല്ലാം നാളെ തെളിയുമെന്നും അവർ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരുന്നു. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ട്രാൻസ്ഫർ ഹരജി നൽകി. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഹരജിയിലെ ആരോപണം. കേസിൽ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇ.ഡി ഹരജിയിൽ ചൂണ്ടിക്കാട്ടി.

സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനിടയിലാണ് ഇ.ഡിയുടെ നീക്കം. ഡൽഹിയിൽ നടന്ന ഉന്നത തല കൂടിയാലോചനകൾക്ക് ശേഷമാണ് ഇ.ഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്. ഇ.ഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ മുഖാന്തരമാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള സെഷൻസ് കേസ് 610/2020 പൂർണമായും ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികൾ. എം ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ ഉണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ജൂലൈ ആദ്യവാരം ഇക്കാര്യമാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ രേഖകൾ ഉൾപ്പെടുത്തിയാണ് വീണ്ടും ഹരജി ഫയൽ ചെയ്തത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News