പീഡനക്കേസ്: കൊച്ചി കൺട്രോൾ റൂം ഇൻസ്‌പെക്ടർ എ.വി സൈജുവിന് സസ്‌പെൻഷൻ
സൈജുവിനെ സഹായിച്ച സിപിഒ പ്രദീപിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്
കൊച്ചി: യുവതിയുടെ പീഡനപ്പരാതിയില് കൺട്രോൾ റൂം ഇൻസ്‌പെക്ടർ എ. വി സൈജുവിന് സസ്‌പെൻഷൻ. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് നടപടി. കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ സൈജു കോടതിയിൽ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് കണ്ടെത്തിയിരുന്നു. സൈജുവിനെ സഹായിച്ച സിപിഒ പ്രദീപിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പീഡനപരാതിയിൽ നെടുമങ്ങാട് സ്റ്റേഷനിലും സൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. കുടുംബ സുഹൃത്തായിരുന്ന സൈജു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു.
പരാതിക്കാരിയായ യുവതിയും ഇൻസ്‌പെക്ടർ സൈജുവും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ഈ ബന്ധം മുതലെടുത്താണ് സൈജു ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പല വാഗ്ദാനങ്ങളും സൈജു നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. മലയിൻകീഴിൽ ജോലി നോക്കിയിരുന്നപ്പോൾ സൈജുവിനെതിരെ പീഡന പരാതി രജിസ്റ്റർ ചെയ്തിരുന്നു. അന്ന് വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതേതുടർന്നാണ് സൈജുവിനെ മലയിൻകീഴ് നിന്ന് കൊച്ചി കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. ഇതിനിടെയാണ് നെടുമങ്ങാട് സ്വദേശിയായ യുവതിയും ഇയാൾക്കെതിരെ പീഡന പരാതിയുമായി രംഗത്ത് വന്നത്.
പരാതിയിൽ നെടുമങ്ങാട് പൊലീസ് എഫ്‌ഐആർ ഇട്ട് കേസ് അന്വേഷണം തുടങ്ങി. അതിനിടെ സി.ഐ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ യുവതിക്കും അവരുടെ ഭർത്താവിനുമെതിരെ പൊലീസ് മറ്റൊരു കേസ് എടുത്തു. സൈജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്.