മുകേഷ് ഉൾപ്പെടെയുളളവർക്കെതിരായ പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടി; രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങി
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് അനിൽ അക്കര
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ലൈഗികാരോപണം നേരിടുന്ന നടനും സി.പി.എം എം.എൽ.എയുമായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടി പറഞ്ഞിരുന്നു. നേരത്തെ ഉന്നയിച്ച കാര്യങ്ങളെല്ലാം മൊഴിയായി നൽകുമെന്നും പരാതികാരി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. ഇതിനു പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങിയത്.
അതിനിടെ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ആവശ്യവുമായി മുൻ എം.എൽ.എ അനിൽ അക്കര രംഗത്തു വന്നു. സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകളായ ജഡ്ജി ഹണി എം. വർഗീസാണ് ഹരജി പരിഗണിക്കുന്നതെന്നും അത് നീതിപൂർണ്ണമാവില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതിനാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. ഇത് കാണിച്ച് സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്റ്റാർക്ക് അദ്ദേഹം കത്തു നൽകി.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർത്തിൽ കലാശിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രതിഷേധക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അതിനിടെ രാവിലെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഉച്ചക്ക് ശേഷവും തുടരുകയാണ്. യോഗത്തിൽ ഇതുവരെ മുകേഷ് വിഷയം ചർച്ചക്ക് വന്നില്ലെന്നാണ് വിവരം.