'ഹരിത' വിവാദം: ഫാത്തിമ തഹ്‌ലിയ ഇന്ന് മാധ്യമങ്ങളെ കാണും
ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി തഹ്‌ലിയ നേരത്തെ രംഗത്തെത്തിയിരുന്നു.
ഹരിത വിവാദത്തില്‍ പ്രതികരിക്കുന്നതിനായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ ഇന്ന് ഉച്ചക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി തഹ്‌ലിയ നേരത്തെ രംഗത്തെത്തിയിരുന്നു. ആണഹന്തക്കെതിരെ പൊരുതിയ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നായിരുന്നു തഹ്‌ലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല.
ഇതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചത്. അതേസമയം പരാതി പറഞ്ഞ ഹരിതക്കെതിരെ നടപടിയെടുത്തത് സംഘടനക്കുള്ളില്‍ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ലീഗ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ് രാജിവെച്ചു.