ഹരിത തൃശൂർ കളക്ടർ, ദിവ്യ എസ് അയ്യർ പത്തനംതിട്ടയിൽ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി

Update: 2021-07-08 04:38 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ് കൗളിനാണ് പുതിയ ചുമതല. ഹരിത വി. കുമാർ (തൃശ്ശൂർ), ജാഫർ മാലിക് (എറണാകുളം), ദിവ്യ എസ്. അയ്യർ (പത്തനംതിട്ട), നരസിംഹുഗാരി ടി.എൽ. റെഡ്ഡി (കോഴിക്കോട്), പി.കെ. ജയശ്രീ (കോട്ടയം), ഷീബ ജോർജ് (ഇടുക്കി), ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് (കാസർകോട്) എന്നിവരാണ് പുതിയ ജില്ലാ കളക്ടർമാർ. 35 ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം.

രാജൻ കോബ്രഗഢേ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയായി തുടരും. ടിക്കറാം മീണയ്ക്ക് പ്ലാനിങ്ങ് ആൻറ് എക്കണോമിക് അഫേഴ്‌സ് വകുപ്പിൽ നിയമനം. ഡോ വേണു ഐ.എ.എസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. ഡോ വേണുവിന് ടൂറിസം വകുപ്പിൻറെ അധിക ചുമതലയും ലഭിച്ചു. ബിശ്വനാഥ് സിൻഹ നികുതി വകുപ്പിൽ നിന്നും മാറി ഇലക്ട്രോണിക് ആൻറ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിലേക്കായി. ഷർമിള മേരി ജോസഫിനെ നികുതി വകുപ്പിലേക്ക് മാറ്റി.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ), രാജേഷ്‌കുമാർ സിൻഹ (കയർ, വനം വന്യജീവി വകുപ്പ്) റാണിജോർജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ് (നികുതി, സ്പോർട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ്), ടിങ്കു ബിസ്വാൾ (തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡെയറി ഡെവലപ്‌മെന്റ്), ആനന്ദ് സിങ് (പബ്ലിക് വർക്സ്, കെ.എസ്.ടി.പി.), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ. രത്തൻ യു. ഖേൽക്കർ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകർ (ട്രാൻസ്പോർട്ട് സെക്രട്ടറി), സി.എ. ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്) എന്നിവർക്ക് ചുമതലകൾ നൽകി.

കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധികചുമതല നൽകി. എം.ജി. രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ), എസ്. ഹരികിഷോർ (ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടർ), എ. കൗശിഗൻ (അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല), ആർ. ഗിരിജ (ഫിഷറീസ് ഡയറക്ടർ). ഡി. സജിത്ത് ബാബു (സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ, ആയുഷ് മിഷൻ ഡയറക്ടർ), എസ്. സുഹാസ് (റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ), എസ്. സാംബശിവ റാവു (സർവേ ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ടി.ഐ.എൽ.). തൃശ്ശൂർ കളക്ടർ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റിനിയമിച്ചു.

അതിനിടെ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടണമോ എന്ന കാര്യം ഇന്നത്തെ സംസ്ഥാന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്‌പെൻഷൻ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടി എന്തുവേണമെന്ന കാര്യത്തിൽ സർക്കാർ കേന്ദ്രങ്ങളിൽ ചർച്ച സജീവമാണ്.

ഐ.എ.എസ് ഉദ്യോഗസ്ഥനെ ദീർഘനാളത്തേക്ക് സസ്‌പെൻഷനിൽ നിർത്താനാവില്ല എന്നതും ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ എത്താത്തതും അനുകൂല തീരുമാനം എടുക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സർക്കാർ ആലോചിക്കുന്നുണ്ട്. സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്‌പെൻഷനിലേക്കു നയിച്ചത്.

ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News