യോജിപ്പ് വേണം, ഭിന്നിപ്പിക്കൽ സെമിനാറുകളായി മാറരുത്: പി.കെ കുഞ്ഞാലിക്കുട്ടി
ഡൽഹിയിലേക്കുള്ള യോജിപ്പുണ്ടാക്കൽ സെമിനാറുകളാണ് ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: യു.സി.സിയുമായി ബന്ധപ്പെട്ടുള്ള സെമിനാറുകള്‍ ഭിന്നിപ്പിക്കാനുള്ളതായി മാറരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അത് ബിജെപിയെയാണ് സഹായിക്കുക. ഡൽഹിയിലേക്കുള്ള യോജിപ്പുണ്ടാക്കൽ സെമിനാറുകളാണ് ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏക സിവില്‍കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.
അതേസമയം ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് അത് ദേശീയ വിഷയമാണ്. അത്തരം ഒരു നിയമം പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും സംഘടനകള്‍ക്കുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടകമാണ് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.
Watch Video