'ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും': ദേശീയപാതകളുടെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി
ദേശീയപാത വികസനത്തിന്‍റെ അലൈന്‍മെന്‍റ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി.വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി. കൊല്ലം ഉമയല്ലൂരിലെ ദേശിയാ പാത അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതി നിരീക്ഷണം.
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍ വിളിക്കായി കരളിലിരിക്കുന്നുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്യഷ്ണന്‍ കോടതി ഉത്തരവില്‍ ഉദ്ധരിച്ചത്. ദേശീയ പാത വികസനത്തിന്‍റെ പേരില്‍ ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. കൊല്ലത്ത് ദേശീയ പാതയുടെ നിലവിലെ അലൈമെന്‍റില്‍ പള്ളികളും ക്ഷേത്രവും ഉള്‍പ്പെടുന്നുവെന്നായിരുന്നു ഹരജിക്കാരുടെ വാദം. ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായും നിസാരകാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നു കോടതി നിലപാടെടുത്തു. ദേശീയപാത വികസനത്തിന്‍റെ അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് നല്‍കിയ നാല് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണം. ഒരുവിഭാഗം പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്‍റെ ഭാഗമാണ്. രാജ്യത്തിന്‍റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.