പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ജെ.ഡി.എസ് പങ്കെടുക്കും; ആർ.എസ്.എസിന്‍റെ ഓഫീസല്ലെന്ന് എച്ച്.ഡി ദേവഗൗഡ

പാർലമെന്‍റ് രാജ്യത്തിന്റേതാണ് അല്ലാതെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2023-05-25 19:45 GMT
Advertising

ഡൽഹി: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ ജെ.ഡി.എസ് പങ്കെടുക്കുമെന്ന് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാർലമെന്റ് നിർമ്മിച്ചത്. പാർലമെന്‍റ് രാജ്യത്തിന്റേതാണ് അല്ലാതെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിലെ ബഹിഷ്കരണം ശരിയല്ലെന്ന് ബി.എസ്‌.പി നേതാവ് മായാവതി നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കണമെന്നും മറ്റു പരിപാടി ഉള്ളതിനാൽ തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നുമായിരുന്നു മായാവതി പറഞ്ഞത്.

അതേ സമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് മൂന്ന് പാർട്ടികൾ കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചു. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളാണ് എൻ.ഡി.എക്ക് പുറത്തുനിന്ന് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.

മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പാർലമെന്റിന്റെ തലവനായ രാഷ്ട്രപതിയാണ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. 19 പ്രതിപക്ഷ പാർട്ടികളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.

തങ്ങളുടെ എം.പിമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ടി.ഡി.പി വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈ.എസ്.ആർ കോൺഗ്രസും ബിജു ജനതാദളും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News