കോവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണം, കണക്ക് കൊടുക്കുന്നുണ്ട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ച ഫോർമാറ്റിൽ എല്ലാ ദിവസവും കണക്കുകൾ മെയിൽ ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ച ഫോർമാറ്റിൽ എല്ലാ ദിവസവും കണക്കുകൾ മെയിൽ ചെയ്യുന്നുണ്ട്. കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. കത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് ലഭിച്ചെന്നും കേന്ദ്രത്തിന്റെ നീക്കം നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്നും വീണാ ജോർജ് പറഞ്ഞു.
ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കൊവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് കണക്കുകൾ കൃത്യമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കോവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്.
ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കോവിഡ് മരണങ്ങളും ഇന്നലെയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സക്കാരിന്‍റെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം രാജ്യത്ത് പുതുതായി 1,274 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 11,860 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. പുതുതായി റിപ്പോർട്ട് ചെയ്യുന്ന പകുതിയിലധികം കേസുകളും ഡൽഹിയിലാണ്. 501 പേർക്കാണ് ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.