ബ്രഹ്മപുരത്ത് ആരോഗ്യ സര്‍വേ തുടങ്ങി, 1249 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി; ആരോഗ്യമന്ത്രി
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം ജോയിന്റ് ഡിഎംഇ അന്വേഷിക്കും
തിരുവനന്തപുരം: മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ബ്രഹ്മപുരത്ത് ആരോഗ്യ സർവെ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പുകയെ തുടർന്ന് 1249 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നു മന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം വരെ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ ക്ലിനിക്കുകളിലുമായി എത്തിയവരുടെ കണക്കാണിത്. ബ്രഹ്മപുരത്തും പരിസരത്തും 6 മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭ്യമാണ്.
178 പേർ ഇവിടെ സേവനം തേടിയെന്നും വീണാജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 19 പേരാണ് അഡ്മിറ്റ് ആയിരുന്നത്. അവർ ഡിസ്ചാർജ് ആയി. കണ്ണ് പുകയുക,തൊണ്ടയ്ക്ക് ബുദ്ധിമുട്ട്,ചുമ ലക്ഷണങ്ങളാണ് പൊതുവെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
പുക ശ്വസിച്ച് അസുഖം കൂടി മരിച്ചെന്ന പരാതിയിൽ ഡെത്ത് ഓഡിറ്റ് നടത്താൻ നിർദേശിച്ചിട്ടുണ്ട്. എറണാകുളം വാഴക്കാലയിൽ പട്ടത്താനത്ത് വീട്ടിൽ ജോസഫ്(70 ) ആണ് മരിച്ചത്. ബ്രഹ്മപുരത്ത് സർക്കാർ സ്വീകരിച്ചത് തുറന്ന സമീപനമാണ്. യുദ്ധകാലാടിസ്ഥാനത്തിലാണ് അവിടെ പ്രവർത്തനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം ജോയിന്റ് ഡിഎംഇ അന്വേഷിക്കും. വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും വീണാജോർജ് പറഞ്ഞു.