ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവം; ആശങ്കയുണ്ടെന്ന് ഹൈക്കോടതി

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു

Update: 2021-09-22 09:43 GMT
Advertising

ആലപ്പുഴയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിയെ തൃക്കുന്നപ്പുഴയിൽ വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് ഹൈക്കോടതി ആശങ്കയറിയിച്ചത്. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് പരാമർശം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

സംഭവത്തിലെ  പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരി സുബിനയെയാണ് സ്‌കൂട്ടറിലിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. വണ്ടാനത്തെ മെഡിക്കൽ കോളജിൽ നിന്ന് 17 കിലോ അകലെ തൃക്കുന്നപ്പുഴ പാനൂർ ഭാഗത്തുള്ള വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ ഭാഗത്തേക്കുള്ള റോഡിൽ പല്ലന ഭാഗത്ത് എത്തിയപ്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട സുബിനയുടെ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിക്കുകയും മറിയുകയും ചെയ്തു. തുടർന്ന് ബൈക്കിലെത്തിയവർ സുബിനയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് വാഹനം എത്തിയത് കണ്ട പ്രതികൾ തോട്ടപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ടു. കഴുത്തിന് മുറിവേറ്റതിനാൽ സുബിന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഷോക്കിലുമാണിവർ. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് ഇടപെട്ടില്ലെന്നും രാത്രി തന്നെ അന്വേഷണം നടത്തിയിരുന്നെങ്കിൽ പ്രതികളെ പിടികൂടാമായിരുന്നെന്നും യുവതിയുടെ ഭർത്താവ് നവാസ് പറഞ്ഞിരുന്നു. രക്ഷതേടി പോയ വീട്ടിൽനിന്നിറങ്ങി യുവതി പൊലീസിന് മുമ്പിലേക്ക് തിരിച്ചെത്തിയപ്പോൾ നാളെ അന്വേഷിക്കാമെന്നാണ് അവർ പറഞ്ഞതെന്നും ഭർത്താവ് കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News