ഇടുക്കിയിലും കോട്ടയത്തും വീണ്ടും ശക്തമായ മഴ; കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തി
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും വീണ്ടും ശക്തമായ മഴ. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉച്ചയോടെയാണ് ഇടുക്കിയിലും കോട്ടയത്തും മഴ ശക്തമായത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലിയിലും ശക്തമായ മഴയുണ്ട്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. എരുമേലി വണ്ടൻപതാലിൽ മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ കെകെആർ ജംഗ്ഷനിൽ വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്സ് എത്തി കൈക്കുഞ്ഞിനെയടക്കം രക്ഷപ്പെടുത്തി.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.