വെള്ളക്കെട്ട് രൂക്ഷം, മണ്ണിടിച്ചിൽ ഭീഷണി; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി കുടുംബങ്ങൾ

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Update: 2024-07-19 10:37 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വടക്കൻ കേരളത്തിൽ കണ്ണൂരിലാണ് മഴക്കെടുതി രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. നാല് ദുരിതാശ്വസ ക്യാമ്പിലായി 25 പേരെ മാറ്റിപ്പാർപ്പിച്ചു. കാസർകോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മാളിക്കടവ് , മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് വെള്ളക്കെട്ട്. കക്കയം ഡാമിൽ ജല നിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് തുടരുകയാണ്. വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 42 ക്യാമ്പുകളിലായി 682 കുടുംബങ്ങളെ ഇതുവരെ ജില്ലാ ഭരണകൂടം മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മലപ്പുറത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. നാരങ്ങപൊയിൽ ആദിവാസി നഗറിലെ കുടുംബങ്ങൾ പോത്തുകൽ പഞ്ചായത്ത് ഓഫീസിൽ 20 മണിക്കൂറായി നടത്തിയ സമരം അവസാനിപ്പിച്ചു. മണ്ണിടിഞ്ഞ പ്രദേശത്ത് മതിൽക്കെട്ടാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പാലക്കാട് ആലത്തൂർ തോണിപ്പാടത്ത് കനത്ത മഴയിൽ വീട് തകർന്നു.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആകും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News