അഞ്ചു ജില്ലകളിൽ കനത്ത മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, അതീവ ജാഗ്രത

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Update: 2021-10-16 07:23 GMT
Advertising

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24  മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി. 

പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി - ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും. ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി.

കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ്. തെന്മല ഡാമിന്‍റെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു. റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

എറണാകുളത്തും മഴ തുടരുകയാണ്. മലയോര മേഖലയിൽ ശക്തമായൃ മഴയാണ്. മണ്ണിടിച്ചിലിന് സാധ്യത ഉള്ള നേര്യമംഗലം, വെളിയച്ചാൽ, 600 ഏക്കർ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ വൺവേയിൽ വെള്ളക്കെട്ടുണ്ട്. കാലടി ടൗണിൽ കനത്ത വെള്ളക്കെട്ടാണ്. കടകളിലേക്കും വീടുകളിലേക്കും വെളളം കയറി. കടകൾ പലതും അടച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിലവില്‍ കാര്യമായ മഴയില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News