നാശം വിതച്ച് പെരുമഴ; പയ്യന്നൂരിൽ മണ്ണിടിച്ചില്‍,സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
മരം വീണ് കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . കണ്ണൂർ പയ്യന്നൂരിൽ മണ്ണിടിച്ചിലുണ്ടായി. ഇടുക്കിയിലും കണ്ണൂരിലും വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
തുടർച്ചയായി പെയ്യുന്ന മഴയിൽ സംസ്‌ഥാനത്തു വ്യാപക നാശനഷ്ടമാണുണ്ടായത്. കണ്ണൂർ കരിവള്ളൂരിൽ മഴയിലും കാറ്റിലും വീട് ഭാഗികമായി തകർന്നു. പുത്തൂർ കോമളവല്ലിയുടെ വീടാണ് തകർന്നത്. പയ്യന്നൂർ നഗരസഭയിലെ മണിയറ, മുതിയലം ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കോഴിക്കോട് ജില്ലയിൽ പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി ബന്ധം തകരാറിലായി. കൊയിലാണ്ടി പൊയിൽക്കാവിൽ ദേശീയ പാതയിൽ പുലർച്ചെ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
കനത്ത മഴയില്‍ തൃശൂർ ഇരിങ്ങാലക്കുടയിലെ കാറളത്തും പൂമംഗലത്തും കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണു വീട് ഭാഗികമായി തകർന്നു. കോമ്പയാർ പുതകിൽ സുരേഷിന്‍റെ വീടിന് മുകളിലാണ് മരം വീണത്. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടുക്കി നേര്യമംഗലം റോഡിൽ തട്ടേക്കണ്ണിക്ക് സമീപം കൊടക്കല്ല് ഭാഗത്ത് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മരങ്ങള്‍ വെട്ടി മാറ്റി മണിക്കൂറുകള്‍ക്ക് ശേഷം ഗതാഗതം പുനസ്ഥാപിച്ചത്.