മഴ വീണ്ടും ശക്തമാകുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടലുണ്ടായി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം,മലപ്പുറം, കോഴിക്കോട്,വയനാട്, കാസർകോട് ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അതേ സമയം ഇടുക്കി മൂലമറ്റം ഇലപ്പള്ളിയിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. കൃഷിയിടങ്ങളിലാണ് ഉരുൾപൊട്ടിയത്.
തൃശൂരിൽ 2018-19പ്രളയ കാലത്ത് വെള്ളം കയറിയ ഇടങ്ങളിലുള്ളവർ മാറിത്താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ചാലക്കുടിയിൽ ഒരു മണിക്കൂറിനുള്ളിൽ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്നും വൈകുന്നേരത്തോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.
കനത്തമഴയെ തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കൂടാതെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.