സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി
ഭുവനേശ്വര്‍: ദാന ചുഴലിക്കാറ്റ് കരതൊട്ട ശേഷം,ഒഡിഷ ഇപ്പോൾ സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി. 1.75 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. ബുധബലംഗ നദി കരകവിഞ്ഞ് ഒഴുകുകയാണ്.'' ടീം വർക്ക് കാരണം ഒരപായവും ഉണ്ടായില്ല. 8 ലക്ഷം പേരെ ഞങ്ങൾ ഒഴിപ്പിച്ചിരുന്നു. പൊട്ടിയ വൈദ്യുത കമ്പികൾ പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ് എന്നും തുടർച്ചയായി പെയ്യുന്ന മഴ മൂലം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും'' മുഖ്യമന്ത്രി പറഞ്ഞു. കാറ്റ് മൂലം ബംഗാളിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് മിഡ്‌നാപൂരിലെ വെള്ളക്കെട്ടിൽ വീണാണ് ഒരാൾ മരിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുൻകരുതലിന്‍റെ ഭാഗമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി. അറബിക്കടലിൽ കേരളത്തിന് സമീപം ഇരട്ട ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ദാന ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചതോടെ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് അത് വീശുന്ന കാറ്റും ശക്തമായിട്ടുണ്ട് . ഇതിന്‍റെ സ്വാധീന ഫലമായാണ് നിലവിലെ മഴ.