വടക്കൻ ജില്ലകളിലും മഴ ശക്തം: കോഴിക്കോട്, കാസർകോട് ജില്ലകളിൽ വെള്ളക്കെട്ട്

താമരശേരി ചുരത്തിൽ മരം വീണ് രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കാസർകോട് ജില്ലകളിൽ പലയിടങ്ങളിലും വെള്ളം കയറി.

Update: 2021-10-17 01:24 GMT
Editor : rishad | By : Web Desk
Advertising

വടക്കൻ ജില്ലകളിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. താമരശേരി ചുരത്തിൽ മരം വീണ് രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കാസർകോട് ജില്ലകളിൽ പലയിടങ്ങളിലും വെള്ളം കയറി.

കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയില്‍ വൈകുന്നേരത്തോടെയാണ് മഴ ശക്തിപ്രാപിച്ചത്. ചെറുപുഴകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈങ്ങാപ്പുഴ തിരുവമ്പാടി ടൗണുകളില്‍ വെള്ളം കയറി. താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മരം കടപുഴകി വീണ് രണ്ട് നേരം ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ കനത്ത മഴ കാരണം ചാലിയാര്‍ പുഴയിലും ജലനിരപ്പുയര്‍ന്നു. പുഴയിലെ റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി തീരവാസികള്‍ക്ക് കലക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി . കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ - ആനക്കാംപൊയിൽ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. 

തിരുവമ്പാടി ആനക്കാം പൊയില്‍ റൂട്ടില്‍ പെരുമാളിപ്പടിക്കു സമീപം കെ.എസ്.ആര്‍.ടി.സി ബസിനു മുകളില്‍ തെങ്ങ് കടപുഴകി വീണു . വയനാട്ടിലെ ചെമ്പ്രാ പീക്ക്, സൂചിപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചു. മലപ്പുറത്ത് പലയിടങ്ങളില്‍ ഇടവിട്ട് മഴയുണ്ട്. പാലക്കാട് മലയോര മേഖലയില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ കപ്പാലം, കാക്കത്തോട് ബസ്സ്റ്റാൻഡ് ഭാഗങ്ങളില്‍ വെള്ളം കയറി. കാസറഗോഡ് മലയോരമേഖലയില്‍ മഴ തുടരുകയാണ് . 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News