പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് കാണാതായ ഹെൽമറ്റുകള്‍ ശുചിമുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ

കരാറുകാരൻ തന്നെ ഹെൽമെറ്റുകള്‍ മാറ്റുന്നതാണെന്ന് വാഹനഉടമകൾ ആരോപിച്ചു

Update: 2023-11-09 13:46 GMT
Advertising

കൊച്ചി: പറവൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് ഹെൽമറ്റ് കാണാതാവുന്നത് പതിവാകുന്നുവെന്ന് പരാതി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ഹെൽമറ്റുകൾ കണ്ടെടുത്തു. കരാറുകാരൻ തന്നെ ഹെൽമെറ്റുകള്‍ മാറ്റുന്നതാണെന്ന് വാഹനഉടമകൾ ആരോപിച്ചു.


പറവൂരിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു സമീപത്തെ വാഹന സൂക്ഷിപ്പു കേന്ദ്രത്തിലാണ് ഹെൽമെറ്റ് മോഷണം പതിവാകുന്നത്. കരാറുകാരന് പുറമേ ഒരു ജീവനക്കാരിയും പാർക്കിങ്ങിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസമാണ് ഇവിടെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും ഹെൽമറ്റ് നഷ്ടമായെന്ന പരാതിയുമായി ഒരു പൊതുപ്രവർത്തകയെത്തുന്നത്.


എന്നാൽ മോഷണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ജീവനക്കാരി തയ്യാറായില്ല. ഹെൽമെറ്റ് നഷ്ടമായവരുടെ പ്രതിഷേധത്തെ തുടർന്ന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന്റെ ശുചിമുറി പരിശോധിച്ചപ്പോൾ ഹെൽമറ്റുകൾ കണ്ടെടുത്തു. ചാക്കിൽ കെട്ടിയ നിലയിൽ 20ലധികം ഹെൽമറ്റുകളാണ് ഉണ്ടായിരുന്നത്. ആളുകൾ അന്വേഷിച്ചെത്തിയില്ലെങ്കിൽ കുറഞ്ഞ വിലക്ക് മറിച്ചുവിൽക്കാനാണ് ഹെൽമെറ്റുകൾ മാറ്റിയതെന്ന് ആക്ഷേപം ഉണ്ട്.നഗരസഭയ്ക്ക് ഈ വിഷയത്തിൽ അറിവില്ലെന്നാണ് ചെയർപേഴ്സൺ പറയുന്നത്.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News