ഹേമ കമ്മീഷൻ റിപ്പോർട്ട്: പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിൽ നൽകിയ ഹരജിയിലാണ് നടപടി

Update: 2024-07-24 10:08 GMT
Advertising

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതാ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയിലാണ് റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

അതേസമയം സജിമോൻ പാറയിലിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന രം​ഗത്തുവന്നു. സജിമോൻ ഹരജിയുമായി പോയത് സ്വന്തം നിലയ്ക്കാണെന്നും അയാൾ നിർമ്മാതാക്കളുടെ സംഘടനയിൽ അംഗമല്ലെന്നും നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹിയായ സന്ദീപ് സേനൻ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് എതിർപ്പില്ലെന്നും സന്ദീപ് സേനൻ മീഡിയ വണിനോട് പറഞ്ഞു. 

മലയാളസിനിമയിലെ ചിലരുടെ ഭയമാണ് ഹേമക്കമ്മിറ്റി റിപ്പോർട്ട് സ്റ്റേയ്ക്കു പുറകിലെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. സിനിമയിൽ ചിലരുടെ അപ്രമാദിത്യം നിലനിൽക്കട്ടെ എന്ന് സർക്കാരും കോടതിയും പോലും ചിന്തിക്കുന്നു എന്ന് അദ്ദേഹം വിമർശിച്ചു.

നാലര വർഷമായായി വെളിച്ചം കാണാതിരുന്ന റിപ്പോർട്ടിന്റെ സ്വകാര്യ വിവരങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. പേജ് 49, 81 മുതൽ 100 വരെയുള്ള പേജുകൾ, പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കി ഇന്ന് വൈകുന്നേരം 3.30ന് റിപോർട്ട് പുറത്ത് വിടാനായിരുന്നു തീരുമാനം. റിപ്പോർട്ട് പുറത്തു വിടുന്നത് തടഞ്ഞ കോടതി കക്ഷികൾക്ക് നോട്ടീസ് അയക്കും. തുടർന്ന് കേസിൽ വിശദമായ വാദം കേട്ടതിന് ‌ശേഷം അനുകൂല വിധി ലഭിച്ചാൽ മാത്രമേ ഇനി റിപ്പോർട്ട് പുറത്തുവിടാൻ സാധിക്കുള്ളു.

2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അം​ഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി.

ഈ മാസം 25നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോ​ഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു.സാംസ്കാരിക വകുപ്പ് മുൻവിധിയോടെയാണ് വിവരങ്ങൾ നിഷേധിച്ചതെന്നും കമ്മീഷൻ പറയുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News