ഹേമ കമ്മിറ്റി റിപ്പോർട്ട്: പുറത്തുവിടണമെന്നാണ് സർക്കാർ നിലപാട്, ഒളിച്ചുകളിയില്ല- മന്ത്രി സജി ചെറിയാൻ

റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 2.30ന് പുറത്തുവിടും

Update: 2024-08-19 08:12 GMT
Advertising

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് ഒളിച്ചുകളിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആദ്യം മുതലുള്ള സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. ചുമതലപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിദ്ധീകരിക്കേണ്ട ഭാഗങ്ങളെ കുറിച്ച് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്നും സ്‌റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോടതി പറഞ്ഞ സമയത്ത് റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 2.30ന് പുറത്തുവിടും. നടി രഞ്ജിനിയുടെ ഹരജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനമായത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. പകരം രഞ്ജിനിക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരി കേസിലെ കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടി. ‌‌ഇന്നു തന്നെ സിംഗിൾ ബെഞ്ചിൽ ഹരജി നൽകാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്ന് പുറത്തുവിടുക. റിപോർട്ട് അപേക്ഷകർക്ക് നേരിട്ട് നൽകാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിക്കും. നാലര വർഷത്തിനു ശേഷമാണ് റിപ്പോർട്ട് വെളിച്ചം കാണുന്നത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News