നടിയെ ആക്രമിച്ച കേസിൽ കോടതി ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി
കോടതിയിൽ ഫയൽ ചെയ്യുന്ന രേഖകൾ പൊതുഇടത്തിൽ ലഭ്യമാണ്. പ്രതികൾ നൽകുന്ന ഹരജികളിലെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് പറയാൻ നിയമപരമായി സുരാജിന് കഴിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ സുരാജ് പ്രതിയല്ല. വധഗൂഢാലോചനാ കേസിലാണ് സുരാജ് പ്രതി തുടങ്ങിയ കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ അവസരത്തിലാണ് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് തടയാനാവില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നതെന്നും ഇതിന്റെ വാർത്തകൾ മാധ്യമങ്ങൾ നൽകാറില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതിയിൽ ഫയൽ ചെയ്യുന്ന രേഖകൾ പൊതുഇടത്തിൽ ലഭ്യമാണ്. പ്രതികൾ നൽകുന്ന ഹരജികളിലെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിചാരണാ കോടതിയെക്കുറിച്ച് പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയിൽ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.