താനൂർ കസ്റ്റഡിക്കൊല: അന്വേഷണം ഉടൻ ഏറ്റെടുക്കാന്‍ സി.ബി.ഐയോട് ഹൈക്കോടതി
ഉത്തരവ് താമിർ ജിഫ്രിയുടെ സഹോദരന്‍റെ ഹരജിയിൽ
കൊച്ചി: താനൂർ കസ്റ്റഡി കൊലപാതകക്കേസിന്റെ അന്വേഷണം ഉടൻ ഏറ്റെടുക്കാൻ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിർദേശം. കേസ് ഡയറി ഉൾപ്പെടെ എല്ലാ രേഖകളും ഉടൻ സി.ബി.ഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ജാഫർ ജിഫ്രി നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
താമിർ ജിഫ്രിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഏറ്റെടുക്കാൻ ഏജന്‍സി തയാറായിരുന്നില്ല. നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് താമിർ ജിഫ്രിയുടെ സഹോദരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. കേസിലെ സാക്ഷികളായ പൊലീസുകാരെയും താമിറിനൊപ്പം കസ്റ്റഡിയിലെടുത്തവരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉടൻ കേസ് ഏറ്റെടുക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദേശം നൽകിയത്.
കേസ് ഡയറി അടക്കമുള്ള രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ സി.ബി.ഐയ്ക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിന് ആശ്യമായ സഹായം സി.ബി.ഐക്ക് സർക്കാർ നൽകണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കസ്റ്റഡിമരണത്തിൽ എട്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. സബ് ഇൻസ്പെക്ടർ ആർ.ഡി കൃഷ്ണലാൽ അടക്കമുള്ളവരാണ് പ്രതികൾ. മയക്കുമരുന്ന് കേസിൽ പിടികൂടിയപ്പോഴാണ് ആഗസ്റ്റ് ഒന്നിന് താമിർ ജിഫ്രി കസ്റ്റഡിയിൽ മരിക്കുന്നത്.
Summary: High Court directs CBI to immediately take over investigation of Tanur Thamir Jifri custody murder case