അടിമലത്തുറയിൽ കൊല്ലപ്പെട്ട നായക്ക് ഹൈക്കോടതിയുടെ ശ്രദ്ധാഞ്ജലി: ഹരജിക്ക് 'ബ്രൂണോ' എന്ന പേരു നൽകി

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി അടിച്ച് കൊലപ്പെടുത്തി കടലിൽ എറിഞ്ഞ വാർത്ത പുറത്തുവന്നത്

Update: 2021-07-03 13:24 GMT
Editor : ijas
Advertising

തിരുവനന്തപുരത്ത് അടിമലത്തുറയിൽ കൊല്ലപ്പെട്ട നായക്ക് ശ്രദ്ധാഞ്ജലിയായി ഹരജിക്ക് 'ബ്രൂണോ' എന്ന പേര് നൽകി ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിക്കാണ് നായയുടെ പേര് നൽകിയത്. ജസ്റ്റിസ്  ജയശങ്കരൻ നമ്പ്യാർ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിനെ തുടർന്നാണ് കോടതി നടപടിയെടുത്തത്. ഹരജി വീണ്ടും ജൂലൈ 13ന് കോടതി പരിഗണിക്കും. രണ്ട് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിച്ച കോടതി എതിർ കക്ഷികൾക്ക് ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്.

മൃഗസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഉടൻ പദ്ധതി തയാറാക്കി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. സംസ്ഥാന മൃഗ ക്ഷേമ ബോർഡ് പുനസംഘടിപ്പിക്കാൻ സ്വീകരിച്ച നടപടികൾ ജൂലൈ 13ന് അറിയിക്കണം. 2008 ൽ രൂപം നൽകിയ ബോർഡിന്‍റെ മൂന്നു വർഷമെന്ന കാലാവധി നീട്ടിയിട്ടില്ല. റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകളിൽ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതു തടയരുതെന്നും റെസിഡൻഷ്യൽ അപ്പാർട്ട്മെൻറ്സ് അസോസിയേഷനുകളുടെ നിയമാവലിയിൽ ഇത്തരം വ്യവസ്ഥ പാടില്ലെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി അടിച്ച് കൊലപ്പെടുത്തി കടലിൽ എറിഞ്ഞ വാർത്ത പുറത്തുവന്നത്. ക്രിസ്തുരാജ് എന്നയാൾ വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. വിഴിഞ്ഞം അടിമലത്തുറയിൽ നടന്ന സംഭവത്തിന്‍റെ  ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Tags:    

Editor - ijas

contributor

Similar News