വാഴൂർ സോമൻ എം.എൽ.എക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് കേസിൽ എതിർസ്ഥാനാർഥിയുടെ ഹരജി തള്ളി
യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് ആണ് വാഴൂർ സോമനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയത്.
കൊച്ചി: തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എം.എൽ.എ്ക്ക് ആശ്വാസം. സോമൻ വസ്തുതകൾ മറച്ചുവെച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിറിയക് മാധ്യമങ്ങളോടു പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക്ക്കൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ വാഴൂർ സോമൻ പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. ഭാര്യയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്, പാൻ കാർഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിട്ടില്ല, ഇൻകംടാക്സ് റിട്ടേൺ ഒരു കൊല്ലത്തെ മാത്രമാണ് ഫയൽചെയ്തിട്ടുള്ളത് എന്നീ ആരോപണങ്ങളും ഹരജിയിലുണ്ടായിരുന്നു. വെയർ ഹൗസിങ് കോർപറേഷന്റെ ചുമതലകൂടി വഹിച്ചിരുന്ന സമയത്താണ് സോമൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇരട്ടപ്പദവി ആരോപണവും സിറിയക് തോമസ് ഹർജിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ, ബോധപൂർവം ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും തിരുത്തലുകൾ വരുത്തിയത് വരണാധികാരിയുടെ അനുമതിയോടെ ആണെന്നും സോമൻ കോടതിയിൽ മറുപടി നൽകി. കേസ് പരിഗണിച്ച വേളയിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഹൈക്കോടതി വിശദാംശങ്ങൾ തേടിയിരുന്നു. തുടർന്ന് സോമന്റെ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.