വിശ്വാസികൾക്ക് ബുദ്ധിമുട്ട്; വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിൽ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി
കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി നിർദേശം നൽകിയത്
കൊച്ചി: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് നിരീക്ഷിച്ചാണ് കോടതി നിർദേശം.
അപ്പു,പാത്തു,പാപ്പു പ്രൊഡക്ഷൻ ഹൗസാണ് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഷൂട്ടിങ്ങിന് അനുമതി തേടി ദേവസ്വം കമ്മിഷണർക്ക് പ്രൊഡക്ഷൻ ഹൗസ് അപേക്ഷ നൽകിയിരുന്നു. അനുമതി നൽകാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചതോടെയാണ് നിർമാതാക്കൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മൈതാനത്ത് ഷൂട്ടിങ്ങിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോടതി ദേവസ്വം ബോർഡിന്റെ വാദം ശരിവയ്ക്കുകയായിരുന്നു.
ഷൂട്ടിങ്ങിന്റെ സമയത്ത് ഒരുപാട് വാഹനങ്ങൾ വരികയും ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യുകയും ചെയ്യുമെന്നും ഇത് ബുദ്ധിമുട്ടാകുമെന്നും കോടതി വിലയിരുത്തി. ഇങ്ങനെയായാൽ വിശ്വാസികൾക്ക് ക്ഷേത്രം സന്ദർശിക്കാനുള്ള അവസരവും നഷ്ടമാകുമെന്നും അതനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.