കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നീളുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി
സി.പി.എം പ്രതിനിധികൾക്ക് ഭൂരിപക്ഷമുള്ള നോമിനേറ്റഡ് സിൻഡിക്കേറ്റ് ആണ് ഇപ്പോൾ സർവകലാശാല ഭരിക്കുന്നത്.
Update: 2023-10-02 04:03 GMT
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. ചാൻസലർ, വൈസ് ചാൻസലർ എന്നിവരോട് കോടതി വിശദീകരണം തേടിയത്. സെനറ്റിലെ എം.എസ്.എഫ് പ്രതിനിധികളായ റുമൈസ റഖീഫ്, ഷഫീഖ് എന്നിവരാണ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ കോടതിയെ സമീപിച്ചത്.
സെനറ്റ് പുനഃസംഘടിപ്പിച്ചത് ജൂൺ 29നാണ്. ഇത് കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്താൻ യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല. നിലവിൽ നോമിനേറ്റഡ് സിൻഡിക്കേറ്റാണ് യൂണിവേഴ്‌സിറ്റി ഭരിക്കുന്നത്. ഇവരിൽ ആറുപേർ സി.പി.എം പ്രതിനിധികളാണ്. ഗവർണർ നോമിനേറ്റ് ചെയ്യേണ്ട രണ്ടുപേരെ നോമിനേറ്റ് ചെയ്യാത്തതാണ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് വൈകാൻ കാരണമെന്നാണ് ഭരണപക്ഷം നൽകുന്ന വിശദീകരണം.