സാമ്പത്തിക തട്ടിപ്പ് കേസ്: ഹൈറിച്ച് ഹെഡ് ഓഫീസ് സീൽ ചെയ്തു
ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
Update: 2024-02-04 09:04 GMT
തൃശൂർ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈറിച്ചിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
ഏകദേശം 1,63,000 ആളുകളിൽനിന്ന് 10,000 രൂപ വീതം വാങ്ങി 1630 കോടിയോളം രൂപ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ബിസിനസ് എന്ന പേരിൽ കൂടുതൽ ആളുകളെ ചേർത്താൽ വലിയ തുകകൾ നൽകാമെന്ന് പറഞ്ഞ് മണി ചെയിൻ തട്ടിപ്പ്, കുഴൽ പണം തട്ടിപ്പ്, ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് തുടങ്ങിയ നിരവധി നിയമവിരുദ്ധ ഇടപാടുകളാണ് ഇവർ നടത്തിയത്.