ഹിജാബ് കേസ്: അന്തിമ വിധിയിൽ മൗലികാവകാശം സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് വെൽഫെയർ പാർട്ടി
''വിശാല ബെഞ്ചിന് കേസ് വിട്ട സാഹചര്യത്തിൽ ഹിജാബ് ധരിക്കുന്ന വിദ്യാർഥിനികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നിർദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാകണം''
തിരുവനന്തപുരം: ഹിജാബ് കേസ് സുപ്രിം കോടതി ഡിവിഷൻ ബെഞ്ചിലെ ഭിന്നവിധി മൂലം വിശാല ബെഞ്ചിലെത്തിയ സാഹചര്യത്തിൽ മൗലികാവകാശം സംരക്ഷിക്കുന്ന അന്തിമ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വിശാല ബെഞ്ചിന് കേസ് വിട്ട സാഹചര്യത്തിൽ ഹിജാബ് ധരിക്കുന്ന വിദ്യാർഥിനികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നിർദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാകണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് അത്തരമൊരു ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നു. വസ്ത്ര സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകിയ മൗലികാവകാശങ്ങളാണ്. അതുറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സുപ്രീം കോടതിക്കുണ്ടെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
ഹിജാബ് അനിവാര്യ മതാചാരമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതത് മതസമൂഹങ്ങളും വിശ്വാസികളുമാണ്. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധി മൂലം ഹിജാബ് അനിവാര്യ മതാചാരമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥിനികളുടെ പഠനം പാതി വഴിയിൽ നിന്നു പോയതായി സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം വിദ്യാർത്ഥിനികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കുന്നതും മൗലികാവകാശം സംരക്ഷിക്കുന്നതുമായ വിധിയാണ് സുപ്രിംകോടതിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നിർഭാഗ്യവശാൽ ഡിവിഷൻ ബഞ്ചിൽ നിന്ന് വന്ന ഭിന്നവിധി മൂലം വിശാല ബെഞ്ചിലേക്ക് കേസ് എത്തുകയാണ്. രാജ്യത്തെ പരമോന്നത കോടതിയിൽ നിന്ന് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അന്തിമ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
അതേസമയം കർണാടകയിലെ ഹിജാബ് വിലക്കിൽ സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നാഭിപ്രായമാണുണ്ടായത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്കിനെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധിയെ പൂർണമായും എതിർത്തു. നിർബന്ധമായ മതപരമായ ആചാര, ആശയങ്ങൾ തർക്ക വിധേയമാക്കേണ്ടന്നാണ് തന്റെ വിധിയുടെ പ്രധാന ഊന്നലെന്ന് ജസ്റ്റിസ് ദുലിയ വ്യക്തമാക്കി. കർണാടക ഹൈക്കോടതി തെറ്റായ രീതിയിലാണ് ഇതിനെ എടുത്തത്. ഇത് ഏറ്റവും അവസാനമായി ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പിന്റെ വിഷയമാണ്. ആർട്ടിക്കിൾ 14ഉം 19ഉം ഇതിന് ബാധകമാണെന്നും ജസ്റ്റിസ് ദുലിയ വ്യക്തമാക്കി.
ഹിജാബ് എന്നത് തെരഞ്ഞെടുപ്പിന്റെ വിഷയമാണെന്നും അതിൽ കൂടുതലോ കുറവോ ആയി ഒന്നുമില്ലെന്നും ജസ്റ്റിസ് ദുലിയ വിധി പരാമർശത്തിൽ പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പരമമായ ചോദ്യം. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണോ നിലവിലെ ഹൈക്കോടതി വിധിയെന്നതാണ് തന്റെ മനസ്സിലെ ചോദ്യമെന്നും ദുലിയ വ്യക്തമാക്കി. കർണാടക സർക്കാരിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് റദ്ദാക്കുകയും നിയന്ത്രണങ്ങൾ നീക്കാൻ ഉത്തരവിടുകയും ചെയ്യുന്നതായും ദുലിയ ഉത്തരവിട്ടു.