ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്നും തട്ടിയെടുത്തത് 46 ലക്ഷം; സഹോദരങ്ങള്‍ പിടിയില്‍
കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങളായ പ്രതികള്‍ കൊച്ചിയിൽ പിടിയിൽ. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജർക്കാണ് ഹണിട്രാപ്പ് സംഘത്തിന്‍റെ വലയിൽ വീണ് 46 ലക്ഷം രൂപ നഷ്ടമായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ യുവാവിനെ സ്ത്രീകളുടെ പേരിലെ വ്യാജ അക്കൗണ്ടിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. ഫേസ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്കും സൗഹൃദം വളര്‍ന്നു. പ്രത്യേക ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെ ശബ്ദത്തില്‍ സന്ദേശങ്ങള്‍ അയച്ച് വിശ്വാസം ഉറപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. യുവാവിന്‍റെ നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം പ്രതികള്‍ ഭീഷണി ആരംഭിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 46 ലക്ഷത്തി നാൽപ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ ഇങ്ങനെ തട്ടിയെടുത്തത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെങ്കിലും വിലാസവും വ്യാജമായിരുന്നു. തുടർന്ന് യുവാവ് മരട് പോലീസിൽ പരാതി നൽകി. പ്രതികൾക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കൽ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ കേസുള്ളതായി പൊലീസ് അറിയിച്ചു.