തൊടുപുഴയില്‍ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം
ഭക്ഷണം പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
തൊടുപുഴ മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിക്ക് നേരെ ക്രൂര മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് ഹോട്ടല്‍ തൊഴിലാളിയെ അസ്സം സ്വദേശി നൂർഷെഹീനെ മർദിച്ചത്. മര്‍ദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
മങ്ങാട്ടുകവലയിലെ ഹോട്ടൽ മുബാറകിൽ ഭക്ഷണം കഴിക്കാൻ എത്തിയ തൊടുപുഴ സ്വദേശികളായ ബിനു, ഹരി എന്നിവരാണ് നൂർ ഷഹീനെ അക്രമിച്ചത്. ഭക്ഷണം പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്ന് കടയുടമ പറയുന്നു.പരാതി നൽകാൻ ഒരുങ്ങിയ നൂർഷെഹീനെ പ്രതികൾ ആശുപത്രിയിൽവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നൂർ ഷെഹീൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച തന്നെ വിവരം അറിഞ്ഞ പൊലീസ് അന്ന് കേസ് എടുത്തിരുന്നില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇന്ന് ഷെഹീന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.