റെയില്‍വെ സ്റ്റേഷനിലെ ശുചിമുറിയില്‍ തന്‍റെ പേരും നമ്പറും എഴുതി വച്ചയാളെ കുരുക്കി വീട്ടമ്മ; പ്രതി അസിസ്റ്റന്‍റ് പ്രൊഫസര്‍
2018 മേയ് നാലിനാണ് ഫോണിലേക്ക് ഒരാള്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നത്
തിരുവനന്തപുരം: പൊതുവിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലെ ശുചിമുറികളിലും സ്ത്രീകളുടെ ഫോൺ നമ്പർ എഴുതിവയ്ക്കുന്നവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാൽ തന്‍റെ നമ്പർ എഴുതിവെച്ച ആളെ സ്വന്തം നിലയ്ക്ക് തന്നെ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയായ ഒരു സ്ത്രീയുണ്ട്. അഞ്ചുവർഷത്തെ പരിശ്രമത്തിനൊടുവിൽ പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോളവർ.
2018 മേയ് നാലിനാണ് ഫോണിലേക്ക് ഒരാള്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നത്. പിന്നീട് നിരവധി പേര്‍ പല നമ്പറുകളില്‍ നിന്ന് വിളിച്ച് മോശം സംസാരം തുടര്‍ന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ആരോ ഫോണ്‍ നമ്പറെഴുതി വെച്ചിട്ടുണ്ടെന്ന് കൊല്ലം സ്വദേശിയായ യുവാവാണ് വിളിച്ചറിയിക്കുന്നത്. വാട്സാപ്പില്‍ ചിത്രം അയച്ചു നല്‍കിയതാണ് പ്രതിയിലേക്കുള്ള തുമ്പായത്.
ബെംഗളുരുവിലെ സ്വകാര്യ ലാബിലേക്ക് അയച്ച രണ്ട് എഴുത്തും ഒരാളുടേതാണെന്ന് സ്ഥിരീകരിച്ചു. മുമ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്‍റ് കേരളയിലും ഡിജിറ്റൽ സർവകലാശാലയിലും അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന അജിത്ത് കുമാറായിരുന്നു എഴുത്തിന് പിന്നില്‍. ഭര്‍ത്താവിനോടുള്ള വിരോധമാണ് പ്രതിയെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പരിശോധനയിലും ശുചിമുറിയിലെ എഴുത്തും അജിത്ത് കുമാറിന്റെ എഴുത്തും ഒന്നാണെന്ന് സ്ഥിരീകരിച്ചു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പരാതിക്കാരിയുടെ പ്രതീക്ഷ.