എച്ച്.ആര്‍.ഡി.എസ് അഴിമതി: എൻ.കെ അബ്ദുൽ അസീസ് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നൽകി
എച്ച്.ആര്‍.ഡി.എസ് നടത്തിയ അഴിമതികളുടെ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി
തിരുവനന്തപുരം: എച്ച്.ആര്‍.ഡി.എസ് അഴിമതിയിൽ പരാതി നൽകിയ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി. ആദിവാസികൾക്കുള്ള ഭവന നിർമാണത്തിന്‍റെ മറവിൽ വനഭൂമി കയ്യേറുകയും, വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകർക്കും വിധം നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും, ഭവന നിർമ്മാണത്തിൽ അഴിമതി നടത്തുകയും, ആദിവാസികളെ വഞ്ചിക്കുകയും, വ്യാജ രേഖകൾ ചമച്ചു വനഭൂമി തട്ടിയെടുക്കുകയും ചെയ്തതിനെതിരെ എൻ.കെ അബ്ദുൽ അസീസ് ഡി.ജിപി.ക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അബ്ദുൽ അസീസിൽ നിന്നും മൊഴിയെടുത്തത്. എച്ച്.ആര്‍.ഡി.എസ് നടത്തിയ അഴിമതികളുടെ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറി.
ആദിവാസികള്‍ക്കായി 10 കോടി വീടുകള്‍ നിര്‍മിച്ചുനല്‍കാനായി എച്ച്.ആര്‍.ഡി.എസ് അന്‍പത്തി മുവ്വായിരത്തിലധികം കോടി രൂപ സി.എസ്.ആര്‍ ഫണ്ടുകള്‍ സ്വരൂപിച്ചിരുന്നു. എന്നാല്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പൂര്‍ണമായ വിവരങ്ങള്‍ ഇതുവരെ ഇവര്‍ പുറത്തുവിട്ടിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.