ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേടെന്ന് ആരോപണം

വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർ ഓഫീസിലെത്തി പരാതി നൽകി

Update: 2024-05-16 01:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേടെന്ന് ആരോപണം. ടൂർ ഓപ്പറേറ്റർമാർ വൻതോതിൽ ടിക്കറ്റ് ബുക്ക്ചെയ്ത് മറിച്ച് വിൽക്കുന്നതിനാൽ ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലാണ് ലക്ഷദ്വീപുകാർ. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർ ഓഫീസിലെത്തി പരാതി നൽകി.

പകുതി ഓൺലൈനും ബാക്കി പകുതി ഓഫ്ലൈനും മായിരുന്നു, ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ്. എന്നാല് ബുക്കിംഗ് സമയത്തെ ചില തർക്കങ്ങളെ തുടർന്നാണ് പിന്നീട് മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ ബുക്കിങ് ആക്കിയത്. ഇതോടെ ഒട്ടേറെ ദ്വീപ് നിവാസികൾ ആണ്, ടിക്കറ്റ് ബുക്കിങ്ങിന് പ്രതിസന്ധി അനുഭവിക്കുന്നത്. ടൂർ ഓപ്പറേറ്റർമാർ പലരും വൻതോതിൽ ടിക്കറ്റ് കൈക്കലാക്കി മറിച്ച് വിൽക്കുന്നുവെന്നാണ് ആരോപണം. 350 രൂപ നിരക്കിലുള്ള ടിക്കറ്റിന് 1500 മുതൽ 3000 വരെ നിരക്ക് ഈടാക്കുന്നുണ്ട്. യഥാസമയം ആവശ്യക്കാർക്ക് ടിക്കറ്റു ലഭിക്കാതെ വന്നതോടെ ദ്വീപ് നിവാസികൾ പലരും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയത്.

അധിക കപ്പൽ സർവീസ് അനുവദിക്കുന്നത് ഉൾപ്പടെയുള്ള സംവിധാനം ആലോചിക്കണം എന്നാണ് ആവശ്യം. കൂടാതെ മുൻപത്തേതു പോലെ പകുതി ടിക്കറ്റുകൾ ഓഫ്‌ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്. കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നവരെ നിയന്ത്രിക്കണമെന്നും ദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതിയിൽ പറയുന്നു.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News