ഇലന്തൂർ നരബലിക്കേസ്: പ്രതി ഷാഫിയുടെ വീട്ടിലെ പരിശോധന അവസാനിച്ചു
സ്വർണം പണയം വെച്ചതിന്റെയും സ്കോർപിയോ ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും രേഖകൾ പൊലീസ് കണ്ടെടുത്തു.
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലെ പൊലീസ് പരിശോധന അവസാനിച്ചു...ആറ് മണിക്കൂറാണ് കൊച്ചി ഗാന്ധി നഗറിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. സ്വർണം പണയം വെച്ചതിന്റെയും സ്കോർപിയോ ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും രേഖകൾ പൊലീസ് കണ്ടെടുത്തു.
ഷാഫിയുടെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു. രാത്രി മൂന്നു സ്റ്റേഷനുകളിലെ ലോക്കപ്പുകളിലായി പാർപ്പിച്ചിരുന്ന പ്രതികളെ രാവിലെ പൊലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഒമ്പത് മണിക്ക് ശേഷം മൂന്നു പ്രതികളുടെയും ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തിയാണ് ചോദ്യം ചെയ്തത്.
അതേസമയം, മുളവുകാട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതി മുഹമ്മദ് ഷാഫിയുടെ എറണാകുളം ഗാന്ധി നഗറിലെ വീട്ടിൽ പരിശോധന നടത്തിയത്. ഭഗവൽ സിങും ഷാഫിയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പൊലീസ് ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെത്തി.